കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണെന്ന പ്രചാരണത്തിൽ മറുപടിയുമായി മന്ത്രി എം.ബി രാജേഷ്

കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണെന്നും ജനങ്ങളിൽ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് പ്രതിപക്ഷം വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിവരികയാണെന്നും മന്ത്രി എം ബി രാജേഷ്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ കുറവാണ്. ദേശീയ ശരാശരി 14.6 ശതമാനമാണ്. കേരളത്തിലെ മദ്യ ഉപഭോഗം 12.4 ശതമാനമാണെന്ന് മന്ത്രി പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ദേശീയ ശരാശരി 1.2 ശതമാനമാണ്. കേരളത്തിലിത് 0.1%. കഞ്ചാവായാലും സിന്തറ്റിക് മയക്കുമരുന്നായാലും ഉപയോഗത്തിൽ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് കേരളമെന്നും മന്ത്രി രാജേഷ് പറഞ്ഞു. കേരളത്തിന്റെ തനത് വരുമാന സ്രോതസുകളിൽ ഏറ്റവും കുറഞ്ഞത് എക്‌സൈസ് വരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.