നീതി തേടി ഹർഷിനയുടെ സമരം 82 ദിവസങ്ങൾ കടന്നു. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന സമരവേദി തലസ്ഥാനത്തേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സാപ്പിഴവ് സംഭവിച്ചെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ സാഹചര്യത്തിലാണ് സമരം തലസ്ഥാനത്തേക്ക് മാറ്റാൻ ഹർഷിന തീരുമാനം എടുത്തത്. ഈ മാസം 16ന് സെക്രട്ടേറിയറ്റിൽ ഏകദിന ധർണ നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഹർഷിന പറഞ്ഞു. സംസ്ഥാന മെഡിക്കൽ ബോർഡിന് പൊലീസ് തിങ്കളാഴ്ച അപ്പീൽ നൽകും. ആരോഗ്യവകുപ്പ് കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഹർഷിനയുടെ ആരോപണം. അതേസമയം പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് നടപടിയിൽ പ്രതിഷേധിച്ചു റേഡിയോളജിസ്റ്റിനെ മാറ്റിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കമ്മീഷണർക്ക് ഹർഷീന പരാതി നൽകി. കോഴിക്കോട് കമ്മിഷണർക്ക് നൽകിയ പരാതി മെഡിക്കൽ കോളജ് എസിപിക്ക് കൈമാറും.