തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കഴുത്തിലും കണ്ണിലും ചുണ്ടിലും നായയുടെ കടിയേറ്റിരുന്നു. തുടർന്ന് അഞ്ചുതെങ്ങ് ഗവൺമെന്റ് വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിൽ ചത്ത നായയുടെ ശരീര സാമ്പിളുകൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് പേ വിഷ ബാധ ഉള്ളതായി സ്ഥിരീകരിച്ചത്.