വാഷിംഗ്ടൺ: കോശങ്ങളെ ഹാക്ക് ചെയ്ത് ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളാക്കി മാറ്റി അമേരിക്കയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ശാസ്ത്രജ്ഞര്‍. നേച്ചര്‍ സെല്‍ ബയോളജിയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുമ്പോൾ പാന്‍ക്രിയാസിലെ ബീറ്റ കോശങ്ങളാണ് സാധാരണ ഗതിയില്‍ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നത്. ഈ ബീറ്റ കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശം ഗ്ലൂക്കോസിനെ ദഹിപ്പിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുകയും പ്രമേഹരോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യന്‍റെ ഉദരത്തിലുള്ള സ്റ്റെം സെല്‍ കോശങ്ങളെ പരിവര്‍ത്തനം ചെയ്ത് അവയെ കൊണ്ട് ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. പ്രമേഹ രോഗികളുടെ ഉദരത്തില്‍ നിന്ന് എടുക്കുന്ന കോശങ്ങളെ ഗ്യാസ്ട്രിക് ഇന്‍സുലിന്‍-സെക്രീറ്റിങ് കോശങ്ങളാക്കി മാറ്റി പ്രമേഹത്തെ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്വന്തം ഉദരത്തിലെ കോശങ്ങള്‍ തന്നെയായതിനാല്‍ ഈ പരിവര്‍ത്തനം വന്ന കോശങ്ങളെ മനുഷ്യ ശരീരം നിരസിക്കില്ലെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. മനുഷ്യരിലെ പരീക്ഷണം വിജയകരമായാല്‍ പ്രമേഹചികിത്സ രംഗത്തെ വഴിത്തിരിവായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.