രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് മാലിന്യത്തില്‍ നിന്നും ഭക്ഷണമെടുത്ത് നല്‍കിയതായി പരാതി

കോഴിക്കോട്: രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് മാലിന്യത്തില്‍ നിന്നും ഭക്ഷണമെടുത്ത് നല്‍കിയതായി പരാതി. പനവേലില്‍ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിനിക്കും കുടുംബത്തിനുമാണ് ട്രയിനിലെ ജീവനക്കാരില്‍ നിന്നും ദുരനുഭവമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലില്‍ നിന്ന് യുവതിയും കുടുംബവും ട്രെയിനില്‍ കയറിയത്. ഇവര്‍ സീറ്റിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. രാവിലത്തെ ഭക്ഷണവും വളരെ വൈകിയാണ് നല്‍കിയതെന്നും യുവതി പറഞ്ഞു. വൈകിയത് എന്താണെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് സ്പെഷലായി ഉണ്ടാക്കിയെന്നായിരുന്നു ജീവനക്കാരുടെ മറുപടി. എന്നാല്‍ അവര്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ചപ്പോള്‍ രുചിവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൂടെയുള്ളവരോട് കഴിക്കരുതെന്ന് പറഞ്ഞതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നത്തില്‍ ബോഗിയിലുണ്ടായിരുന്ന ആര്‍മി ഉദ്യോഗസ്ഥര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസ് ജീവനക്കാരെ ചോദ്യംചെയ്തപ്പോഴാണ് മാലിന്യത്തില്‍ നിന്നെടുത്താണ് ഭക്ഷണം നല്‍കിയതെന്ന ജീവനക്കാര്‍ പറഞ്ഞത്. സംഭവത്തില്‍ മാപ്പ് പറയുന്നതിന് പകരം പുറത്ത് പറയരുതെന്നും ഒത്തുതീര്‍പ്പാക്കണം എന്നായിരുന്നു അവരുടെ ആവശ്യമെന്നും യുവതി പറഞ്ഞു. അതേസമയം, പരാതിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.