തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ജൂണ്‍ നാലിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നാളെയും മറ്റന്നാളും കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂണ്‍ 6ഓടെ അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു.