വൈകി ഉറങ്ങുന്ന ആളുകളില്‍ മരണ സാധ്യത വര്‍ധിക്കുന്നതായി പഠനം

ഹെൽസിങ്കി: വൈകി ഉറങ്ങുന്ന ആളുകളില്‍ മരണ സാധ്യത വര്‍ധിക്കുന്നതായി പഠനം. ഫിന്‍ലാന്‍ഡിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 23,000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. 2018 ഓടെ സര്‍വേയില്‍ പങ്കെടുത്ത 8,728 പേര്‍ മരിക്കുകയും ചെയ്തു. വൈകി ഉറങ്ങുന്ന ആളുകളില്‍ മരണസാധ്യത കൂടുതലാണെന്നും അപകടകരമായ പെരുമാറ്റം ഉണ്ടെന്നും പഠനത്തില്‍ പറയുന്നു. നേരത്തെ ഉണരുന്നവരെ അപേക്ഷിച്ച് രാത്രി വൈകി ഉറങ്ങുന്നവരില്‍ 9 ശതമാനം മരണ സാധ്യത കൂടുതലാണ്. രാത്രി വൈകി ഉറങ്ങുന്നവരില്‍ പുകവലിയും മദ്യപാനവും കൂടുതലാണെന്നും ഇത് ആരോഗ്യം കൂടുതല്‍ മോശമാവാന്‍ കാരണമാകുന്നുവെന്നും പഠനത്തില്‍ പറയുന്നു. അതേസമയം പുകവലിക്കാത്തവരില്‍ മരണസാധ്യത കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. അസ്വസ്ഥത, ദേഷ്യം, ക്ഷീണം, ശ്രദ്ധക്കുറവ്, എന്നിവയൊക്കെ രാത്രി ഉറങ്ങാത്തവരില്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ക്രോണോബയോളജി ഇന്റര്‍നാഷണല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.