തിരുവനന്തപുരം: ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ തിരുവനന്തപുരം എസ്.എ.ടി., കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്ന് ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയിലൂടെ ഇതുവരെ 5,897 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താനായി.