കട്ടപ്പന: കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുകാരിക്കായി കൈകോർത്തു നാട്. ആന്‍മരിയ എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്നും എറണാകുളം അമൃത ആശുപത്രിയിൽ കുട്ടിയെ ആംബുലൻസിൽ എത്തിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ നിമിഷങ്ങൾക്കുള്ളിൽ ക്രമീകരണങ്ങളൊരുക്കി ഇരുപതോളം സംഘടനകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ, കേരളാ പൊലീസ്, ആംബുലൻസ് ഡ്രൈവേഴ്സ് സംഘടന, മറ്റ് രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 132 കി.മീ. ദൂരം രണ്ടു മണിക്കൂർ 40 മിനിറ്റിൽ താണ്ടി കുട്ടിയെ കട്ടപ്പനയിൽനിന്ന് എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിയത്. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചിരുന്നു. ആംബുലൻസ് ആശുപത്രിയിൽ എത്തിയതിനുപിന്നാലെ മന്ത്രി എത്തുകയും നാട്ടുകാർക്കും സഹകരിച്ച യാത്രക്കാർക്കും നന്ദി അറിയിക്കുകയും ചെയ്തു.