തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ തെരുവുനായ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കലും അപാകതയിലെന്ന് ആക്ഷേപം. മൂന്നുലക്ഷത്തോളം തെരുവു നായകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും 2022 സെപ്റ്റംബര്‍മുതല്‍ 2023 ജൂണ്‍ 11 വരെ 32,061 തെരുവുനായകള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയത്. അതെ സമയം 4,38,473 വളര്‍ത്തുനായകള്‍ക്ക് കുത്തിവെപ്പു നല്‍കിയതായും മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 14 ജില്ലകളിലെ 19 കേന്ദ്രങ്ങളില്‍നിന്നുള്ള കണക്കാണിത്. പത്തനംതിട്ടയില്‍ 12 വയസ്സുകാരി അഭിരാമി പേവിഷബാധയേറ്റ് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് തെരുവുനായ വന്ധ്യംകരണം അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയത്. വന്ധ്യംകരണ ശസ്ത്രക്രിയ വഴി തെരുവുനായ നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ നീക്കിവെച്ചത് 10.36 കോടി രൂപയാണ്. തദ്ദേശ, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്നാണ് തെരുവ്‌നായ വന്ധ്യംകരണ പ്രതിരോധ വാക്സിന്‍ നടപടികള്‍ തീരുമാനിച്ചത്. നായകളെ ആരുപിടിക്കും, പരിപാലനം ഏതുവകുപ്പു നടത്തും തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കമുയര്‍ന്നതോടെ പദ്ധതി മന്ദഗതിയിലായി.