കരുവാരക്കുണ്ട്: മലപ്പുറം കരുവാരക്കുണ്ടിൽ ഡെങ്കിപ്പനി പടരുന്നു. തിങ്കളാഴ്ച മാത്രം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 11 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു, ഇതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 38 ആയി.
സംസ്ഥാനത്തുതന്നെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കരുവാരക്കുണ്ട് മുന്നിലാണ്. പഞ്ചായത്തിലെ മുഴുവൻ വാർഡിലേക്കും ഡെങ്കിപ്പനി വ്യാപിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തുകളായ കാളികാവിലും ചോക്കാട്ടും ഡെങ്കിപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും കരുവാരക്കുണ്ടിലെ സ്ഥിതി ആശങ്ക പടർത്തുന്നതാണ്. രോഗബാധിതരുടെ എണ്ണം കുറയാത്തതിനാൽ കരുവാരക്കുണ്ട് ഡെങ്കിപ്പനി ഹോട്സ്പോട്ടിൽ തുടരുകയാണ്. പ്രത്യേക സാഹചര്യം മുൻനിർത്തി പരിസ്ഥിതിദിനത്തിൽ പുൽവെട്ട ഗവ. എൽ.പി. സ്കൂളിലെ ജെ.ആർ.സി. അംഗങ്ങൾ സ്കൂൾ പരിസരത്തെ വീടുകളിൽ ബോധവത്കരണ സന്ദേശം നൽകി. ആരോഗ്യ വകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥർ ഉൾപ്പെടെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.