തിരുവനന്തപുരം: ഡിജിറ്റൽ മാധ്യമങ്ങളെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ) ജനറൽ കൗൺസിൽ യോഗം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ അംഗീകരിച്ച ഗ്രീവൻസ് കൗൺസിലിൻ്റെ പരിധിയിൽ നിന്നു കൊണ്ടും വാർത്താവിതരരണ മന്ത്രാലയത്തിൻ്റെ നിയമങ്ങൾ പാലിച്ചും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന കോം ഇന്ത്യയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ജനപ്രതിനിധികൾക്ക് ഭൂഷണമല്ല. എല്ലാ മാധ്യമ സംഘടനകളെയും പോലെ തന്നെ വളരെ ഉത്തരവാദിത്തത്തോടെ തന്നെയാണ് കോം ഇന്ത്യയും പ്രവർത്തിക്കുന്നത്.
മാറികൊണ്ടിരിക്കുന്ന മാധ്യമ മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഡിജിറ്റൽ മാധ്യമങ്ങളെ ഒറ്റതിരിഞ്ഞും അല്ലാതെയും വേട്ടയാടാമെന്നത് വ്യാമോഹം മാത്രമാണ്.
ഭരണഘടന അനുസരിച്ച് എം എൽ എ യായി സത്യപ്രതിജ്ഞ ചെയ്ത ഒരാൾ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ സംഘടനയെയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നുവെന്നത് ലജ്ജാകരമാണ്. ഇത്തരം കാര്യങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം.
ഓൺലൈൻ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് ജ്യൂറിസ്ഡിക്ഷൻ പരിധി അതാത് സംസ്ഥാനത്തായി നിജപ്പെടുത്തണമെന്നും ഇതിനായി നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് വിൻസെൻ്റ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുൽ മുജീബ് സ്വാഗതം പറഞ്ഞു. ഷാജൻ സ്‌കറിയ, അൽ അമീൻ, ബിനു ഫൽഗുണൻ, ആർ രതീഷ്, കുഞ്ഞിക്കണ്ണൻ മുട്ടത്ത് സംസാരിച്ചു. ജോ സെക്രട്ടറി കെ ബിജുനു നന്ദി പറഞ്ഞു. വൈസ് പ്രസിഡണ്ട് സോയ് മോൻ മാത്യു, ജോ .സെക്രട്ടറി അജയ് മുത്താന, ട്രഷറർ കെ കെ ശ്രീജിത്ത് എന്നിവർ ചർച്ചകൾക്ക് നേതൃത്വം വഹിച്ചു.