സാക്രമെന്റോ: അമ്പത് വ്യത്യസ്ത തരത്തിലുള്ള കാൻസറുകളെ സ്ഥിരീകരിക്കാൻ കഴിയുന്ന ബ്ലഡ് ടെസ്റ്റ് വികസിപ്പിച്ചെടുത്ത് കാലിഫോർണിയയിൽ നിന്നുള്ള ഗ്രെയിൽ കമ്പനി. അമ്പതിനായിരത്തോളം പേരിൽ നടത്തിയ ഗാലെരി ബ്ലഡ് ടെസ്റ്റിലാണ് കാൻസർ സ്ഥിരീകരണം സാധ്യമായതെന്ന് കമ്പനി വ്യക്തമാക്കി. ലക്ഷണങ്ങൾ പ്രകടമായിരുന്നവരിൽ നടത്തിയ ബ്ലഡ് ടെസ്റ്റിൽ 85 ശതമാനത്തോളം സ്ഥിരീകരണം വിജയകരമായിരുന്നു. സിംപ്ലിഫൈ എന്ന പേരിൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. രക്തത്തിൽ ട്യൂമർ ഡി.എൻ.എ.യുടെ സാന്നിധ്യം പ്രകടമായി എന്നാണ് പഠനത്തിൽ പറയുന്നത്. കാൻസർ ബാധിച്ച ഭാഗം ഉൾപ്പെടെ കൃത്യമായി തിരിച്ചറിയാൻ ഇത് ഡോക്ടർമാരെ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. പതിനെട്ടും അതിനു മുകളിലും പ്രായമുള്ള 6,238 രോഗികളിലാണ് ടെസ്റ്റ് നടത്തിയത്.