ലണ്ടൻ: മിതമായ അളവില്‍ മദ്യപിച്ചാലും അറുപതോളം വിവിധ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യു.കെ.യിലെ ഓക്സ്ഫഡ് സര്‍വകലാശാലയിലെയും ചൈനയിലെ പീക്കിങ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചൈനയിലെ ഗ്രാമ,നഗര പ്രദേശങ്ങളില്‍ നിന്നുള്ള 512,000 പേരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. പന്ത്രണ്ടു വര്‍ഷത്തോളം ഇവരുടെ മദ്യ ഉപഭോഗവും പില്ക്കാലത്തുണ്ടായ ആരോഗ്യപ്രശ്നങ്ങളും പരിശോധിക്കുകയും പിന്നീട് ഇവരില്‍ ഇരുനൂറോളം വിവിധ രോഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 207 രോഗങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടതില്‍ അറുപതെണ്ണവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി. പഠനത്തില്‍ പങ്കാളികള്‍ ആയവരിലേറെയും പുരുഷന്മാരായിരുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട് നേരത്തെ ലോകാരോഗ്യസംഘടന പുറത്തുവിട്ടിരുന്ന ഇരുപത്തിയെട്ടോളം രോഗങ്ങളെക്കുറിച്ചും പഠനത്തില്‍ പറയുന്നു. നേച്വര്‍ മെഡിസിന് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.