യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ ‘യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടന നേതാവ് ജാസ്മിൻ ഷാ ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നും 1.80 കോടി രൂപ സംഘടന ഭാരവാഹികള്‍ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും ചെലവാക്കിയെന്നാണ് കണ്ടെത്തൽ. യുഎൻഎ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ ആറുപേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സംഘടനയുടെ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലാണ് ഫ്ലാറ്റും കാറും വാങ്ങിയത്. സംഘടനയുടെ ക്രമക്കേട് കണ്ടെത്താതിരിക്കാൻ ഓഫീസ് രേഖകളിൽ കൃത്രിമം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. കോടികളുടെ ആരോപണം ഉയർന്നതോടെ വിദേശത്തേക്ക് മുങ്ങിയ പ്രതികള്‍ നേപ്പാള്‍ വഴിയാണ് നാട്ടിലത്തിയത്. പല ഘട്ടത്തിലും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നതോടെ കോടതിയുടെ ഇടപെടലുണ്ടായി. കേസെടുത്ത് അഞ്ചു വർഷത്തിനുശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.