തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുമെങ്കിലും ചൂടിന് ശമനമില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ തുടരും. മഴ മുന്നറിയിപ്പില്ലെങ്കിലും കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. അതേസമയം, കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മെയ് 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.