ലണ്ടൻ: മധുരപാനീയങ്ങളുടെ ദിവസേനയുള്ള ഉപയോഗം പ്രമേഹരോഗികളില്‍ മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഹാര്‍വഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മധുരമിടാത്ത ചായ, കാപ്പി, വെള്ളം എന്നിവ സോഡയ്ക്കും മധുരപാനീയങ്ങള്‍ക്കും പകരം പ്രമേഹ രോഗികള്‍ ഉപയോഗിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ടിൽ ശുപാര്‍ശ ചെയ്യുന്നു. 12,000 ലധികം പേരെ പങ്കെടുപ്പിച്ച് 18.5 വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍ കുടിച്ചവര്‍ക്ക് പ്രമേഹം മാത്രമല്ല ഹൃദ്രോഗവും വരാനുള്ള സാധ്യത അധികമാണെന്ന് കണ്ടെത്തി. അതേ സമയം, മധുരമില്ലാത്ത ചായ, കാപ്പി, സാധാരണ വെള്ളം എന്നിവ ഉപയോഗിച്ചവര്‍ക്ക് ഏതെങ്കിലും കാരണം മൂലമുള്ള അകാല മരണ സാധ്യത 18 ശതമാനവും ഹൃദ്രോഗം മൂലമുള്ള അകാല മരണ സാധ്യത 24 ശതമാനവും കുറവാണെന്നും ഗവേഷകർ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.