നഴ്‌സിങ്, ലാബ് ടെക്നീഷ്യന്മാ‌ർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്‌സുകൾക്ക് മതിയായ സീറ്റ് ഇല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളെആശ്രയിച്ച് വിദ്യാർത്ഥികൾ

തിരുവനന്തപുരം: കേരളത്തിൽ നഴ്‌സിങ്, ലാബ് ടെക്നീഷ്യന്മാ‌ർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്‌സുകൾക്ക് മതിയായ സീറ്റ് ഇല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ അഭയംതേടുന്നത് പ്രതിവർഷം 1.5 ലക്ഷം കുട്ടികൾ എന്ന് റിപ്പോട്ടുകൾ. മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നവർ പഠനശേഷം അവിടെ ജോലി നേടുകയും തുടർന്ന് വിദേശത്തേക്കു പറക്കുകയുമാണ് പതിവ്. കേരളത്തിലെ ഇത്തരത്തിലുള്ള പ്രതികൂലാവസ്ഥ മുതലെടുക്കാൻ അതിർത്തി പ്രദേശങ്ങളിൽ നിരവധി പാരാമെഡിക്കൽ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. എഡ്യൂക്കേഷണൽ ഹബ്ബായി മാറിക്കഴിഞ്ഞ അയൽ സംസ്ഥാനങ്ങളിലേക്ക് ബി.എസ് സി നഴ്സിംഗിനായി മാത്രം 75,000 മുതൽ 95,000 കുട്ടികൾ വരെയാണ് പോകുന്നത്. ബി.എസ്‌സി ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, മെഡിക്കൽ ലാബ് ടെക്നോളജി,ഒപ്‌റ്റോമെട്രി തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകൾക്കായി 55,000 പേർവരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. പണംമുടക്കി പഠിക്കാൻ ധാരാളംപേർ തയ്യാറാണെങ്കിലും അതിന് ആനുപാതികമായ സീറ്റ് കേരളത്തിലെ സ്വകാര്യമേഖലയിലുമില്ല എന്ന ആരോപണവും ഉണ്ട്.