നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ ശോചനാവസ്ഥ തുറന്നുകാട്ടിയ യുവതിയുടെ പോസ്റ്റിനു മറുപടിയുമായി ആരോഗ്യ മന്ത്രി

നിലമ്പൂർ: നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ ശോചനാവസ്ഥ തുറന്നുകാട്ടിയ യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ മറുപടിയുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഗർഭിണികൾ നരകയാതന അനുഭവിക്കുന്നതായി സിന്ധു സൂരജ് എന്ന സ്ത്രീയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒരാൾ തന്നെ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് കിടക്കേണ്ടി വരുന്നത് രണ്ട് ഗർഭിണികൾ ആണെന്ന് പോസ്റ്റിൽ പറയുന്നു. ഒരു ദിവസം മാത്രം മുപ്പതിലേറെ ഗർഭിണികളെത്തുന്ന പ്രസവ വാർഡിൽ ആകെയുള്ളത് 14 ബെഡ്ഡും, രണ്ട് ടേബിളുകളും ഒരു യൂറോപ്യൻ ക്ലോസറ്റ് മാത്രം ഉൾപ്പെടുന്ന മൂന്ന് കക്കൂസുകളുമാണ്. ഇന്നലെ മാത്രം വന്ന 35 അഡ്മിഷനുകളിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികളാണെന്ന് ദൃക്‌സാക്ഷി കൂടിയായ സിന്ധു പോസ്റ്റിൽ വിവരിക്കുന്നു. ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ആരോഗ്യ മന്ത്രി ഡി.എം.ഒ, ഡി.പി.എം എന്നിവരുമായി സംസാരിച്ച് പരിഹാര മാർഗങ്ങൾ തേടിയിട്ടുണ്ടെന്നും, ആശുപത്രി സന്ദർശിച്ചപ്പോൾ വിഷയം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഈ വരുന്ന സാമ്പത്തിക വർഷം തന്നെ പരിഹാരം കാണുമെന്നും പറഞ്ഞു.