കൊച്ചി: സ്കൂളുകളിലെയും കോളേജുകളിലെയും ലഹരി ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ കോളേജ് കാമ്പസുകളിൽ മിൽമ പാർലർ ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വിദ്യാർത്ഥികൾ ലഹരിക്കുപകരം മധുരം നുണയാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി മെട്രോയുടെ എറണാകുളം നോർത്ത്, സൗത്ത്, വടക്കേക്കോട്ട സ്റ്റേഷനുകളിൽ പുതുതായി ആരംഭിച്ച മിൽമ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് എല്ലാ പോത്സാഹനവും നല്കി പാൽ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, മലപ്പുറം മൂർക്കനാട് 100 കോടിരൂപ ചെലവിൽ പുതിയൊരു പാൽപ്പൊടി ഫാക്ടറി നിർമ്മാണം പൂർത്തിയായി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.