വേണം നമുക്ക് എയര്‍ ആംബുലന്‍സ്… സര്‍ക്കാര്‍ വാങ്ങിയില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വിചാരിച്ചാല്‍ ഒരുദിവസം കൊണ്ട് വാങ്ങാന്‍ കഴിയുമെന്ന് വെല്ലുവിളി

നിര്‍ധനരോഗികളെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കണമെന്നു സാമൂഹികമാധ്യമങ്ങളില്‍ മുറവിളി. കാസര്‍ഗോഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു സാഹസികമായി അഞ്ചരമണിക്കൂര്‍ കൊണ്ടു കൊച്ചിയില്‍ എത്തിക്കേണ്ടിവന്ന സാഹചര്യത്തിലാണിത്.

ഹെലികോപ്ടറില്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട് എത്താവുന്ന ദൂരം താണ്ടാന്‍ 15 മണിക്കൂര്‍ എടുക്കുന്നത് ഈ ആധുനികകാലത്ത് ഉചിതമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി നൂഹുവും അഭിപ്രായപ്പെട്ടു.

സ്വകാര്യ എയര്‍ ആംബുലന്‍സുകള്‍ സാധാരണകാര്‍ക്ക് അപ്രാപ്യമാണ്. ആരോഗ്യരംഗത്തു മാതൃകയായ കേരളം ഇക്കാര്യത്തിലും മാതൃക കാട്ടണമെന്നു ഡോ. സുല്‍ഫി ആവശ്യപ്പെട്ടു.

നാലു വിമാനത്താവളങ്ങളുള്ള കേരളത്തില്‍ എന്തിനാണു പിഞ്ചുകുഞ്ഞുമായി റോഡിലൂടെ സാഹസയാത്രയെന്നായിരുന്നു സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്ന ചോദ്യം. പിടയുന്ന കുഞ്ഞുജീവനുമായി റോഡിലൂടെ ആംബുലന്‍സ് പായുമ്പോള്‍ വോട്ട് അഭ്യര്‍ഥിച്ച് രാഷ്ട്രീയനേതാക്കള്‍ ഹെലികോപ്ടറില്‍ കേരളം ചുറ്റുകയാണെന്നും സാമൂഹികമാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സാണ് ആവശ്യം.

അതു സര്‍ക്കാര്‍ വാങ്ങുന്നില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വിചാരിച്ചാല്‍ ഒരുദിവസം കൊണ്ട് വാങ്ങാന്‍ കഴിയുമെന്ന വെല്ലുവിളിയും സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സുമായി പാഞ്ഞ കാസര്‍ഗോഡ് മുക്കുന്നോത്തെ ഹസനെ അഭിനന്ദിക്കാനും സാമൂഹികമാധ്യമങ്ങള്‍ മറന്നില്ല.

ഉദുമ മുക്കുന്നോത്തെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സിലായിരുന്നു യാത്ര. കിംസ് സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സ് കെ. ഷിജു, ആംബുലന്‍സ് ഡ്രൈവറുടെ സഹായി നിധിന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം അംഗം ബദറുദ്ദീന്‍ മുഹമ്മദ് എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു.

അതേസമയം, കുഞ്ഞിനെ നേരത്തേ കോഴിക്കോട്ടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാമായിരുന്നെന്നും തിരുവനന്തപുരം ശ്രീചിത്രയില്‍ത്തന്നെ കൊണ്ടുവരണമെന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം വാശിപിടിച്ചത് എന്തിനാണെന്നറിയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കുഞ്ഞിനെ അമൃത ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചതു താനാണെന്നും അതിന്റെ മുഴുവന്‍ ചെലവും ഹൃദ്യം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY