കോട്ടയം: കോട്ടയത്ത് പൊതു ഇടങ്ങളിലെ മാലിന്യകൂമ്പാരങ്ങൾ കണ്ടെത്തി ജിയോ ടാഗ് ചെയ്യുന്നതിനും മാലിന്യം നീക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ രംഗത്ത്. മഴക്കാലപൂർവ ശുചീകരണത്തിന്റെയും ‘മാലിന്യ മുക്തം നവ കേരളം’ പദ്ധതിയുടെയും ഭാഗമായാണു നടപടി. നഗരസഭയുടെയും സമീപ പഞ്ചായത്തുകളിലെയും മാലിന്യങ്ങളാണ് നീക്കം ചെയ്യുക. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണു നീക്കം. പൊതു സ്ഥലങ്ങളിലെ മാലിന്യക്കൂനകൾ കണ്ടെത്തി ജിയോ ടാഗ് ചെയ്യുകയാണ് ആദ്യപടി. 10 ദിവസത്തിനുള്ളിൽ ഇതു പൂർത്തിയാക്കാനാണു തീരുമാനം. വാർഡ് തലത്തിൽ ആരോഗ്യ ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിക്കുക. കുടുംബശ്രീ അംഗങ്ങളും സന്നദ്ധ പ്രവർത്തകരും അണിചേരും. ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർമാർ നേതൃത്വം നൽകും.