ഡൽഹി: ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് ഇനി ഹെൽത്ത് എ ടി എമ്മുകളും. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, ശരീര താപനില എന്നിവയെല്ലാം ആരോഗ്യ ജീവനക്കാരുടെ സഹായമില്ലാതെതന്നെ പരിശോധിക്കുന്ന ബാങ്ക് എടിഎമ്മിന്റെ വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഓട്ടോമാറ്റിക് യന്ത്രമാണ് ഓരോ ഹെല്‍ത്ത് എടിഎമ്മിലും ഉണ്ടാവുക. ഹീല്‍ ഫൗണ്ടേഷനും ഇന്ത്യ ഹെല്‍ത്ത് ലിങ്കും സംയുക്തമായാണ് ഹെല്‍ത്ത് എടിഎമ്മുകള്‍ ആരംഭിച്ചിരിക്കുന്നത്. ജീവന്‍ രക്ഷ ഉപകരണങ്ങളും അടിയന്തര സേവനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവയിലുണ്ട്. ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ഇലക്ട്രോണിക് രൂപത്തിലും ശേഖരിക്കപ്പെടും. ഹെല്‍ത്ത് എടിഎമ്മുകളില്‍ സൃഷ്ടിക്കുന്ന രോഗികളുടെ ഐഎച്ച്എല്‍ ഹെല്‍ത്ത് അക്കൗണ്ടുകള്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുമായി സംയോജിപ്പിക്കുമെന്ന് ഇന്ത്യ ഹെല്‍ത്ത് ലിങ്ക് അധികൃതർ അറിയിച്ചു.