തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകി വീണ്ടും കേരളം മുന്നിൽ. സംസ്ഥാന ഹെൽത്ത് ഏജൻസി വഴി നടത്തിയ മികച്ച പ്രവർത്തനങ്ങളിലൂടെ 3030 കോടി രൂപയുടെ സൗജന്യ ചികിത്സ കേരളം നൽകി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്കാണ് സൗജന്യ ചികിത്സ നൽകിയത്. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് കേരളത്തിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം ലഭിച്ചിരുന്നു. കേരളത്തിൽ മണിക്കൂറിൽ 180 ഓളം രോഗികൾക്ക് സൗജന്യ ചികിത്സ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി നൽകുന്നതായും മിനിറ്റിൽ 3 രോഗികൾ എന്ന ക്രമത്തിൽ പദ്ധതിയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ അർഹരായ കുടുംബത്തിന് ഒരുവർഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം ഈ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി ലഭിക്കുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആകെ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.