കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാനിലെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ജൂൺ 5ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഹരിത സഭകളോടെ പൂർത്തിയാവും. ഹരിത സഭകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കുകയും കിലയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. ജൂൺ 5 നു മുൻപായി പൊതു ഇടങ്ങളിൽ മാലിന്യക്കൂനകൾ ഇല്ലാത്ത സംസ്ഥാനമായി മാറുക എന്ന ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് പുരോഗമിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനായി തയാറാക്കിയ പോർട്ടലിൽ പൊതുജനങ്ങൾക്ക് പൊതു ഇടങ്ങളിലെ മാലിന്യ കൂനകളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാം. ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മുഴുവൻ സ്ഥലങ്ങളും വൃത്തിയാക്കുന്നതിനും തുടർന്ന് മാലിന്യ നിക്ഷേപം ഉണ്ടാകാത്ത തരത്തിൽ പരിശോധന സംവിധാനങ്ങൾ ശക്തമാക്കി മുന്നോട്ട് പോവുന്നതിനും എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.