മാറഞ്ചേരി: മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിച്ച കിണറിലെ വെള്ളത്തിൽ നിന്നോ,പുറത്തു നിന്നും വാങ്ങിയ വെള്ളത്തിൽ നിന്നോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരിപാടിയിൽ പങ്കെടുത്ത മാറഞ്ചേരി പഞ്ചായത്തിലെ 69 പേർക്കും കാലടി പഞ്ചായത്തിലെ 66 പേർക്കുമാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. ഇവർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി അപകട നില തരണം ചെയ്തു. ഭക്ഷ്യ വിഷബാധക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ അഭ്യർത്ഥിച്ചു. ജനങ്ങൾ കൂടുതല്‍ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനം ശാസ്ത്രീയമല്ലെങ്കിൽ കിണറുകളിലെ കുടിവെള്ളവും മലിനപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിണറുകളിലെ വെളളമാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.