കൊട്ടാരക്കര: ഡോക്ടർ വന്ദന കൊലക്കേസിൽ പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച സംഭവിച്ചതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ സാജൻ മാത്യു തയാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവം തടയുന്നതിൽ രണ്ട് ഡോക്ടർമാർക്കും പോലീസിനും ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. ഗുരുതര പരിക്ക് പറ്റിയ വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും മുൻപ് പ്രഥമിക ചികിത്സ നൽകിയിരുന്നില്ല. അക്രമം നടക്കുമ്പോൾ പോലീസ് പുറത്തേക്ക് ഓടുകയും സ്വയം രക്ഷയ്ക്കായി കതക് പുറത്ത് നിന്ന് അടയ്ക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഹൗസ് സർജന്മാരെ കൂടാതെ ഡോക്ടർമാരേയും സംഭവദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും പ്രതിയെ ചികിത്സിച്ച സമയത്ത് രണ്ട് ഡോക്ടർമാരുടേയും സാന്നിധ്യമുണ്ടായിരുന്നില്ല എന്നും ഇവർക്ക് ജാഗ്രത കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം അന്വേഷണ സംഘം പോലീസ് സർജന്റെ അടക്കം മൊഴി രേഖപ്പെടുത്തി.