തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ നിയമ ഭേദഗതിക്ക് അംഗീകാരമായി. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും ഇനിമുതൽ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 6 മാസം മുതൽ 7 വർഷം വരെയാണ് ശിക്ഷ ലഭിക്കുക. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്‍റെ സംരക്ഷണമുണ്ടാകും. കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയായിരുന്നു അടിയന്തിരമായി ഓർഡിനൻസ് ഇറക്കാൻ സർക്കാർ തയ്യാറായത്.