തിരുവനന്തപുരം മൃഗശാലയിൽ ക്ഷയ രോഗ ബാധയെ തുടർന്ന് അഞ്ച്‌ മൃഗങ്ങൾ ചത്തു

തിരുവനന്തപുരം: ക്ഷയരോഗ ബാധ ഭീതിയിൽ തിരുവനന്തപുരം മൃഗശാല.
മൃഗശാലയിൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ചത്തത് 5 മൃഗങ്ങൾ.ഇവയിൽ ഒരു കൃഷ്ണ മൃഗവും രണ്ട് പുള്ളി മാനും ചത്തത് ക്ഷയരോഗ ബാധയെ തുടർന്നാണെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു. പരസ്പരം ഇടികൂടി പരുക്കേറ്റായിരുന്നു മറ്റ് രണ്ടു കൃഷ്ണ മൃഗങ്ങളുടെ മരണം. കഴിഞ്ഞ 5 വർഷത്തിനിടെ മൂന്ന് കടുവകൾ ഉൾപ്പെടെ 422 മൃഗങ്ങളാണ് മൃഗശാലയിൽ ചത്തത്. ഇതിൽ 127 മൃഗങ്ങൾ ചത്തത് കഴിഞ്ഞ ഒരു വർഷത്തിനിടെയാണ്. പുള്ളി മാനുകൾക്കും കൃഷ്ണ മൃഗങ്ങൾക്കും ക്ഷയരോഗ ബാധയുണ്ടായത് തണുപ്പ് ഏറിയ കാലാവസ്ഥയിലാണ്. എന്നാൽ കാലാവസ്ഥ മാറിയിട്ടും പകർച്ചവ്യാധി ബാധ വിട്ടിട്ടില്ലെന്നാണ് മൃഗങ്ങളുടെ മരണത്തിൽ നിന്ന് വ്യക്തമാകുന്നത്. മൃഗങ്ങൾ കൂട്ടത്തോടെ ചത്തപ്പോൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് സംഘം മൃഗശാലയിൽ പരിശോധന നടത്തിയിരുന്നു. രോഗബാധ അനിയന്ത്രിതമായി തുടരുകയാണെങ്കിൽ മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലണമെന്ന് നിർദേശിച്ചിരുന്നെങ്കിലും വിദഗ്ധരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കള്ളിങ് ഉപേക്ഷിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാറ്റിപ്പാർപ്പിക്കണമെന്നും വംശ വർധന തടയാൻ നടപടി എടുക്കണമെന്നുമുള്ള നിർദേശങ്ങളും നടപ്പാക്കിയില്ല എന്നും ആക്ഷേപമുണ്ട്.