തൃശ്ശൂരിൽ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു

തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു. നഴ്‌സുമാരുടെ സംഘടനയായ യു എൻ എയാണ് 72 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരം ആഹ്വാനം ചെയ്തത്. പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളിൽ 5 ഇടത്ത് വേതന വർധന 50% ആക്കി ഉയർത്തി. ശമ്പളം ഉയർത്തിയ ആശുപത്രികളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ 24 ആശുപത്രികളിലാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. ഈ ആശുപത്രികളിൽ ഐസിയു പ്രവർത്തനം അടക്കം തടസപ്പെടുമെന്നാണ് വിവരം. നഴ്‌സുമാരുടെ സമരം തടയാനാകില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി നിലപാടെടുത്തിരുന്നു.