ലണ്ടൻ: മുൻ ഇംഗ്ലണ്ട് സ്ട്രൈക്കർ ട്രെവർ വൈമാർക്കിന് അൽഷിമേഴ്സ് സ്ഥിരീകരിച്ചത്തോടെ ഫുട്ബോൾ താരങ്ങൾക്കിടയിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന റിപോർട്ടുകൾ പുറത്ത്. 2019 അവസാനത്തോടെയായിരുന്നു ട്രെവറിന് അൽഷിമേഴ്സ് രോഗം സ്ഥിരീകരിച്ചത്. ഫുട്ബോൾ കളിക്കാർക്ക് അൽഷിമേഴ്സ് പോലുള്ള ന്യൂറോളജിക്കൽ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷനിലെ മസ്തിഷ്കാരോഗ്യ വിഭാഗം മേധാവി ഡോ.ആദം വൈറ്റ് പറയുന്നു. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ, മറ്റുള്ളവരെ അപേക്ഷിച്ച് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് ഡിമെൻഷ്യ പോലുള്ള മറവിരോഗങ്ങൾ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന പഠനം നടത്തിയിരുന്നു. ഫുട്ബോൾ കളിക്കിടെ തുടർച്ചയായി തലയ്ക്കേൽക്കുന്ന പരിക്കുകൾ മൂലമാണ് പിൽക്കാലത്ത് ഡിമെൻഷ്യ സാധ്യത വർധിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.