മുംബൈ: ബോളിവുഡ് താരം സുസ്മിത സെന്‍ തനിക്ക് ഹൃദയാഘാതം സംഭവിച്ച വിവരം കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സുസ്മിത അറിയിച്ചത്. തുടര്‍ന്ന് ഹൃദയാഘാതത്തെ അതിജീവിച്ചതിനെക്കുറിച്ചും ആ ഘട്ടത്തില്‍ കൂടെനിന്നവരെക്കുറിച്ചും സുസ്മിത പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഫിറ്റ്നസ് ഫ്രീക്കായ സുസ്മിത വീണ്ടും വ്യായാമത്തിലേക്ക് തിരികെയെത്തിയതിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ കീഴടക്കുന്നത്. ഹൃദ്രോഗ വിദഗ്ധന്റെ അനുമതിയോടെ വ്യായാമത്തിലേക്ക് കടന്നു, സ്ട്രെച്ചിങ് ആരംഭിച്ചു, എന്തൊരു അനുഭവം എന്ന അടിക്കുറിപ്പോടെയാണ് സുസ്മിത ഫോട്ടോ പങ്കുവെച്ചത്. തനിക്ക് സംഭവിച്ചത് മാസീവ് ഹാര്‍ട്ട് അറ്റാക്ക് ആണെന്നും പ്രധാന രക്തധമനിയില്‍ 95 ശതമാനവും ബ്ലോക് ആയിരുന്നുവെന്നും മുന്‍പൊരു വിഡിയോയില്‍ സുസ്മിത പറഞ്ഞിരുന്നു. താന്‍ അതിജീവിച്ചത് തീവ്രമായൊരു ഹൃദയാഘാതത്തെയാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതുകൊണ്ട് മാത്രമാണ് തനിക്ക് അതിജീവിക്കാനായതെന്നും സുസ്മിത വിശദമാക്കി.