മസ്കറ്റ്: തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഒമാനിൽ കഴിഞ്ഞ വർഷം 24,000 പരാതികൾ ലഭിച്ചുവെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളാണ് തൊഴിൽ മന്ത്രാലയത്തിന് ലഭിച്ചത്. സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലാളികൾക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിനുള്ള വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ അധികൃതർ ഈ വർഷം ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമമനുസരിച്ച് എല്ലാ മാസവും എട്ടാം തീയതിക്കുള്ളിൽ ജീവനക്കാർക്ക് ശമ്പളം നൽകണം. ജീവനക്കാരന് തൊഴിലുടമ അവരുടെ പ്രതിമാസ വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോ മാസവും പിഴ ഇരട്ടിയാക്കുമെന്ന് അധികൃതർ അറിയിച്ചു.