അബുദാബി: അബുദാബിയിൽ പ്രവാസി മലയാളികൾ ചേർന്ന് ചക്ക ലേലം ചെയ്തെടുത്തത് 6000 ദിർഹത്തിനു. മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന വാശിയേറിയ ലേലത്തിൽ അബുദാബി സാംസ്കാരിക വേദിയാണു വൻതുകയ്ക്ക് ചക്ക സ്വന്തമാക്കിയത്. ഫ്രണ്ട്സ് എഡിഎംഎസ് ആണ് ചക്ക സംഭാവന ചെയ്തത്.10 ദിർഹത്തിൽ തുടങ്ങിയ ലേലത്തിൽ സമയപരിമിതി മൂലം രാത്രി പത്തരയോടെ 6000 ദിർഹത്തിൽ അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ദിനത്തിൽ അരങ്ങ് സാംസ്കാരിക വേദി സംഭാവന ചെയ്ത പഴക്കുല 3900 ദിർഹത്തിന് അബുദാബി സാംസ്കാരിക വേദി തന്നെ ലേലത്തിൽ പിടിച്ചിരുന്നു. എതിരാളികളോട് മത്സരിച്ച് ലേലം പിടിക്കുക എന്നത് ടീം വികാരമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി സുരേഷ്കുമാർ പറഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സമാജത്തിനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യവും ഇതോടൊപ്പമുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.