കൊച്ചി: കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ വനിതാ അഭിഭാഷകയായി പദ്മ ലക്ഷ്മി എൻറോൾ ചെയ്തപ്പോൾ പിറന്നത് ചരിത്രം. കഴിഞ്ഞ ദിവസം പുതുതായി 1500 ൽ അധികം അഭിഭാഷകർ എൻറോൾ ചെയ്തതിൽ ഒന്നാമതായി പദ്മ ലക്ഷ്മിയെ വിളിച്ചപ്പോൾ പിറന്നത് ലിംഗ സമത്വത്തിന്റെ ചരിത്ര നിമിഷം കൂടിയായിരുന്നു. ലിംഗനീതിയുടെ സമഭാവനയില്‍ കേരളത്തിന്റെ കയ്യൊപ്പു പതിഞ്ഞ ശ്രദ്ധേയമായ അടയാളപ്പെടുത്തല്‍ കൂടിയായി ഇടപ്പിള്ളി സ്വദേശിനി പത്മലക്ഷമിയുടെ എന്റോള്‍മെന്റ്. അഭിഭാഷക മേഖലയിലേയ്ക്കുള്ള യാത്രയില്‍ തുണയായ അച്ഛനെയും അമ്മയെയും ഹൃദയപൂര്‍വ്വം ഓര്‍മ്മിക്കുന്നതായി പദ്മലക്ഷ്മി പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ അധികാരികളുടെ പിന്തുണയ്ക്കും പത്മലക്ഷ്മി നന്ദി പറഞ്ഞു. പ്രതിനിധീകരിക്കുന്ന സമൂഹത്തിന് വേണ്ടിയും അനീതിക്കെതിരെയും പോരാടാന്‍ ശക്തി വേണം. അതിന് കരുത്ത് പകരുന്ന മേഖലയാണ് അഭിഭാഷക വൃത്തിയെന്ന ആത്മവിശ്വാസം പത്മ ലക്ഷ്മി പങ്കുവച്ചു. തന്നെ ഒന്നാമതായി എന്റോള്‍ ചെയ്യാന്‍ ക്ഷണിച്ചത് തന്നെ സമൂഹത്തിന് സംഭവിക്കുന്ന മാറ്റമായാണ് അടയാളപ്പെടുത്തുന്നതെന്ന് പത്മ ലക്ഷ്മി കൂട്ടിച്ചേർത്തു.