സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ ചരിഞ്ഞത് 86 ആനകൾ എന്ന് റിപോർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ ചരിഞ്ഞത് 86 ആനകൾ. ഉത്സവ സീസണിലെ വിശ്രമമില്ലായ്മ അടക്കമുള്ള കാരണങ്ങളാൽ ആനകൾക്ക് പിടിപെടുന്ന പാദരോഗം, മലബന്ധം തുടങ്ങിയവ മൂലം ചരിയുന്ന നാട്ടാനകളുടെ എണ്ണം വർധിക്കുന്നതായി റിപോർട്ടുകൾ. 12 വർഷത്തിന് മുമ്പ് രണ്ടായിരത്തോളം നാട്ടാനകളുണ്ടായിരുന്നിടത് ഇപ്പോഴുള്ളത് 391 എണ്ണം മാത്രം. ഉത്സവകാലങ്ങളിൽ ആവശ്യത്തിന് വിശ്രമം നൽകാതെ എഴുന്നള്ളത്തിനടക്കം ഉപയോഗിക്കുന്നത് മലബന്ധത്തിന് കാരണമാവുന്നു. ലോറിയിൽ കൊണ്ടുപോകുമ്പോഴുള്ള ഒരേ നിൽപ്പ് കുടൽരോഗങ്ങൾക്കടക്കം ഉണ്ടാവുന്നതിനു കാരണമാകുന്നു. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും പ്രശ്നമാണ്. വൈറസ് രോഗങ്ങളും വർദ്ധിക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അണുബാധയ്ക്ക് ഇടയാക്കുന്നു. കേരളത്തിലുള്ള ഭൂരിഭാഗം നാട്ടാനകളുടെയും പ്രായം 40 വയസിന് മുകളിലാണ്. 60 മുതൽ 70 വയസ് വരെയാണ് ആനകളുടെ ശരാശരി ആയുർദൈർഘ്യം.