കൊച്ചി: തീയും പുകയുമുയരുന്ന ബ്രഹ്‌മപുരം ദുരന്തഭൂമിയില്‍ സേവ സന്നദ്ധരായി പ്രവര്‍ത്തിക്കുകയാണ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് രാവും പകലും ഇവര്‍ നടത്തുന്നത്. 12 ജില്ലകളില്‍ നിന്നായി 650 പേരാണ് ഇതിനോടകം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. നിലവില്‍ 75 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ ബ്രഹ്‌മപുരത്തുണ്ട്. നേരത്തെ കോവിഡ് പ്രതിസന്ധിയിലും പ്രളയകാലത്തുമെല്ലാം അഗ്‌നി രക്ഷാ സേനക്കൊപ്പം ഒറ്റക്കെട്ടായി പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ നടത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തീയണയ്ക്കല്‍ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഫയര്‍ ആന്റ് റെസ്‌ക്യൂ സേനക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും സേനാംഗങ്ങള്‍ ഒരുക്കി. പൊതുജനങ്ങള്‍ക്ക് ജീവന്‍രക്ഷാ – ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി ദുരന്തത്തിന്റെ ആഘാതം കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് സിവില്‍ ഡിഫന്‍സിന്റെ രൂപീകരണം.