കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ചൂടിനൊപ്പം ചിക്കന്‍പോക്സ് രോഗവും വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ജനുവരിമുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 469 പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട് . ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരീക്ഷകൾ നടക്കുന്നതിനാൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ. പറഞ്ഞു. പരീക്ഷയെഴുതുന്ന രോഗം ബാധിച്ച കുട്ടികള്‍ക്കായി വായുസഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കേണ്ടതാണ്. രോഗം ബാധിച്ച കുട്ടികള്‍ പരീക്ഷയെഴുതാന്‍ പോകുമ്പോള്‍ പൊതുഗതാഗതം ഉപയോഗിക്കരുത്. ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.