കൊച്ചി :ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം ഒൻപതാം ദിവസത്തിലേക്ക് കിടന്നിട്ടും പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ കോർപ്പറേഷൻ . നിലയ്ക്കാതെ ഉയരുന്ന വിഷപ്പുക നാട്ടുകാരെയും നഗരവാസികളെയും കാര്യമായിതന്നെ ബാധിക്കുന്നുണ്ട്. രാത്രിയില്‍ തുടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. 26 എസ്കവേറ്ററുകളും, 8 ജെസിബികളുമാണ് തീകെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏർപെട്ടുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ അഗ്നി രക്ഷാസേനയുടെ 200 അംഗങ്ങളും അമ്പതില്‍പരം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും, 35 കോര്‍പ്പറേഷന്‍ ജീവനക്കാരും പൊലീസും പുകയണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏർപെടുന്നുണ്ട് . ജസ്റ്റിസുമാരായ എസ്.വി.ഭട്ട്, ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45ന് വിഷയം കോടതിയിൽ പരിഗണിക്കും . തീപിടിത്തവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് ജില്ലാ കലക്ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനവും, ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാനും സമർപ്പിക്കാൻ തദ്ദേശ സെക്രട്ടറിക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടറും കോർപ്പറേഷൻ സെക്രട്ടറിയും ഇന്നും നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം