തിരുവനന്തപുരം :റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തുക, ഇന്‍ഡിക്കേറ്റര്‍ ഇടാതെ, സിഗ്‌നല്‍ നല്‍കാതെ, പുറകില്‍ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേണ്‍ എടുക്കുക തുടങ്ങിയ നടപടികള്‍ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതായും ദയവായി ഇന്‍ഡിക്കേറ്ററുകള്‍ക്കനുസരിച്ചു മാത്രം വാഹനം തിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ കേരള പോലീസ് വ്യക്തമാക്കുന്നു.. വാഹനം നിര്‍ത്തുന്നതിനു മുന്‍പ് റോഡിലെ മറ്റു വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ നല്‍കണം, യു ടേണ്‍ എടുക്കുന്നതിന് മുന്‍പ് ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡില്‍ ഇടതുവശം ചേര്‍ന്ന് നിന്ന ശേഷം വണ്ടി വലത്തോട്ട് തിരിയാന്‍ പോകുകയാണ് എന്ന സിഗ്‌നല്‍ കാണിച്ച് പുറകില്‍ നിന്ന് വാഹനങ്ങള്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം യു ടേണ്‍ എടുക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.