ബെയ്‌ജിങ് :ചൈനയിലെ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറഞ്ഞതായി ചൈന. കോവിഡിന്‍റെ തോത് കുറയാൻ തുടങ്ങിയതിന്‍റെ സൂചനയാണിതെന്ന് ചൈനീസ് അധികൃതർ പറയുന്നു. സീറോ-കോവിഡ് നയം അവസാനിപ്പിച്ചതിന് പിന്നാലെ ചൈനയിൽ കോവിഡ് തരംഗം കുത്തനെ വർധിച്ചിരുന്നു. ജനുവരി 13നും 19നും ഇടയിൽ 13,000 ത്തോളം ആളുകൾ കോവിഡ് മൂലം ചൈനയിൽ മരിച്ചതായി സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ പുറത്തുവിട്ടിരുന്നു. ചൈനയിലെ ഏറ്റവും വലിയ പൊതു അവധി ദിനമായ ചാന്ദ്ര പുതുവർഷത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. യാത്രകളും ഒത്തുചേരലുകളും വൈറസ് വർധനവിന് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.