ഓപ്പറേഷന്‍ ‘യെല്ലോ’ പിടിച്ചെടുത്തത് 300 റേഷന്‍ കാര്‍ഡ്

    ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ ഓപ്പറേഷന്‍ ‘യെല്ലോ’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 300 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഇത്തരത്തില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും 35,860 രൂപ പിഴയായി ഈടാക്കി. അനര്‍ഹമായി മുന്‍ഗണനാറേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഇതുവരെ 314 പരാതികളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി. ജയപ്രകാശ് പറഞ്ഞു.

    പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ 300 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും പൊതുവിഭാഗത്തിലേക്ക് തരം മാറ്റി നല്‍കി. അന്ത്യോദയ അന്ന യോജന, പി.എച്ച്.എച്ച്, നോണ്‍ പ്രയോറിറ്റി സബ്സിഡി എന്നീ വിഭാഗങ്ങളില്‍ നിന്നും അനര്‍ഹരായ ആളുകളെ കണ്ടെത്തി അര്‍ഹമായ വിഭാഗത്തിലേക്ക് മാറ്റുക എന്നതാണ് ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

    വരുംദിവസങ്ങളില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അനര്‍ഹരെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊതുവിതരണവകുപ്പിന്റെ തീരുമാനം.