പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകള്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കും. തെരുവുകളില്‍നിന്നു നായകളെ മാറ്റുന്നതിനു ഷെല്‍ട്ടറുകള്‍ തുറക്കും. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം. തെരുവുനായ ശല്യം പൂര്‍ണമായി ഇല്ലാതാക്കാന്‍ അടിയന്തര, ദീര്‍ഘകാല പരിപാടികള്‍ നടപ്പാക്കുമെന്നു യോഗ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
നായയുടെ കടിയേല്‍ക്കുന്നവര്‍ക്കു പേവിഷബാധയുണ്ടാകുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു വിപുലമായ വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണു ഡ്രൈവ്. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവര്‍ക്കു പ്രത്യേക വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ അനുമതി നല്‍കും. നിലവില്‍ പരിശീലനം ലഭിച്ചിട്ടുള്ള ആളുകളെ ഉപയോഗിച്ചാകും ഡ്രൈവ് ആരംഭിക്കുക. തുടര്‍ന്നു കൂടുതല്‍ പേര്‍ക്കു പരിശീലനം നല്‍കും. കോവിഡ് കാലത്ത് രൂപീകരിച്ച സന്നദ്ധ സേനാംഗങ്ങളില്‍ താത്പര്യമുള്ളവര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും പരിശീലനം നല്‍കാനാണു തീരുമാനം. വെറ്ററിനറി സര്‍വകലാശാലയുമായി ചേര്‍ന്നു സെപ്റ്റംബറില്‍ത്തന്നെ ഒമ്പതു ദിവസത്തെ പരിശീലനം നല്‍കും. തെരുവുനായകളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതോടെ കടിയേറ്റാലും അപകട സാധ്യത ഒഴിവാക്കാനാകും. വാക്‌സിന്‍ എമര്‍ജന്‍സി പര്‍ച്ചേസ് നടത്താനുള്ള നടപടി മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കും. ഓറല്‍ വാക്‌സിനേഷന്റെ സാധ്യതകളും തേടുന്നുണ്ട്. ഗോവ, ഛണ്ഡിഗഡ് തുടങ്ങിയിടങ്ങളില്‍ ഈ രീതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
തെരുവു നായകള്‍ക്കായി പഞ്ചായത്ത്തലത്തില്‍ പ്രത്യേക ഷെല്‍ട്ടറുകള്‍ ആരംഭിക്കും. നേരത്തേ ബ്ലോക് തലത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഒഴിഞ്ഞ കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ തുടങ്ങിയിടങ്ങല്‍ലാകും ഷെല്‍ട്ടറുകള്‍ തുറക്കുക. അതതു സ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് ഇതിനായുള്ള സ്ഥലം കണ്ടെത്തും. തെരുവുനായ് ശല്യം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകളിലും ആവശ്യമാണെങ്കില്‍ ഷെല്‍ട്ടറുകള്‍ തുറക്കും. മാലിന്യ നീക്കം യഥാസമയം നടക്കാത്തതു തെരുവുനായ ശല്യം രൂക്ഷമാകുന്നതിനു കാരണമായിട്ടുണ്ട്. മാലിന്യ നീക്കം കൃത്യസമയത്തു നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കളക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടല്‍, റസ്റ്ററന്റ്, കല്യാണ മണ്ഡപങ്ങള്‍, മീറ്റ് മര്‍ച്ചന്റ്‌സ് തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ക്കും. വിപുലമായ ജനകീയ ഇടപെടലും ഇതിന്റെ ഭാഗമായി നടപ്പാക്കും. മഴ മാറിയാലുടന്‍ ഇതു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
മാലിന്യ നീക്കവുമായി ബന്ധപ്പെട്ടു ജില്ലാ ആസൂത്രണ സമിതി ഭാരവാഹികളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും കളക്ടര്‍മാരുടേയും യോഗം ഇന്ന് (13 സെപ്റ്റംബര്‍) വൈകിട്ടു മൂന്നിന് ഓണ്‍ലൈനായി ചേരും. കോവിഡ് മഹാമാരിയെ നേരിട്ട രൂപത്തില്‍ തെരുവു നായ ശല്യത്തെയും നേരിടണമെന്നാണു തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ വിപുലമായ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. രാഷ്ട്രീയ കക്ഷികളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തം ഉറപ്പാക്കും.
ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനു തീരുമാനിച്ചിരുന്നു. രണ്ടു ബ്ലോക്കുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന കേന്ദ്രങ്ങള്‍ ഇതുവരെ 37 ഇടങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്. മറ്റുള്ളവയും ഉടന്‍ പൂര്‍ത്തിയാക്കും. എ.ബി.സി. കേന്ദ്രങ്ങള്‍ തുറക്കുന്നതിനു പ്രൊജക്ടുകള്‍ വയ്ക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു തുക വകയിരുത്താന്‍ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അനുവാദം നല്‍കും. സെപ്റ്റംബര്‍ 15നും 20നും ഇടയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണ സമിതി യോഗം ചേര്‍ന്നു തെരുവു നായ ശല്യം പരിഹരിക്കുന്നതിനു സംബന്ധിച്ചു ചര്‍ച്ച ചെയ്യും. പ്രൊജക്ട് ഭേദഗതിയും ആക്ഷന്‍ പ്ലാനും സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമെടുക്കും.
സംസ്ഥാനത്തെ എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30നകം വാക്‌സിനേഷനും ലൈസന്‍സും പൂര്‍ണമാക്കാന്‍ നടപടിയെടുക്കും. ആവശ്യമെങ്കില്‍ പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ് അപേക്ഷ ഐ.എല്‍.ജി.എം.എസ്. സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനാക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസന്‍സ് ലഭിക്കുന്നവിധത്തിലാകും സംവിധാനം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയും പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാരും ഇതിനു മേല്‍നോട്ടം വഹിക്കും. എ.ബി.സി. പദ്ധതി നടപ്പാക്കുന്നതിനു കുടുംബശ്രീയ്ക്ക് അനുമതി നല്‍കുന്ന കാര്യവും പേ പിടിച്ചതും അക്രമകാരികളുമായ നായകളെ കൊല്ലാനുള്ള അനുമതിയും ഈ മാസം 28നു സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ കേരളം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, നഗരകാര്യ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍, തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍, കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കൗശികന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംസ്ഥാതല സംഘടനാ പ്രതിനിധികള്‍, വെറ്ററിനറി സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, ശുചിത്വ മിഷന്‍, തൊഴിലുറപ്പ് പദ്ധതി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.