‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയ്ക്ക് തുടക്കമാകുന്നു. സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പി.എസ്.സി. ഓഫീസില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഈ പദ്ധതിയുടെ ഭാഗമായി പി.എസ്.സി. ഓഫീസില്‍ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതിന് സൗകര്യങ്ങള്‍ പൊതുയിടങ്ങളില്‍ ഒരുക്കുന്നതിനും വേണ്ടിയാണ് തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതി നടപ്പിലാക്കുന്നത്. മുലപ്പാല്‍ കുട്ടികളുടെ അവകാശമാണ്. അതുറപ്പാക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അതിനായി തൊഴിലിടങ്ങളില്‍ സൗകര്യമൊരുക്കേണ്ടത് തൊഴിലുടമയുടെ കൂടി ഉത്തരവാദിത്വമാണ്. ആദ്യഘട്ടമായി സര്‍ക്കാര്‍, പൊതുമേഖല ഓഫീസുകളില്‍ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 25 ക്രഷുകളാണ് ആരംഭിക്കുന്നത്. ഈ പദ്ധതിയ്ക്കായി അധിക സൗകര്യങ്ങളൊരുക്കുന്നതിന് 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരത്തില്‍ ആരംഭിക്കുന്ന ക്രഷില്‍ ആവശ്യമായ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിംഗ് സ്‌പേസുകള്‍, ക്രാഡില്‍സ്, ബേബി മോണിറ്ററിംഗ് ഉപകരണങ്ങള്‍, മെത്ത, കളിപ്പാട്ടങ്ങള്‍, ബെഡ്ഷീറ്റ്, പായ, ബക്കറ്റ്, മോപ്പുകള്‍, മറ്റ് ക്ലീനിംഗ് ഉപകരണങ്ങള്‍, ഷീറ്റുകള്‍ എന്നിവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ല വനിത ശിശുവികസന ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. നാഷണല്‍ ക്രഷ് സ്‌കീം അനുസരിച്ച് ശിശുക്ഷേമ സമിതി മുഖേനയാണ് ക്രഷ് പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം ജില്ലയിലെ കിന്‍ഫ്ര ക്യാമ്പസ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാല, ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്ത്, എറണാകുളം കളക്ടറേറ്റ്, പാലക്കാട് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് കളക്ടറേറ്റ്, വയനാട് കല്പ്പറ്റ സിവില്‍ സ്‌റ്റേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും ഉടന്‍ തന്നെ ഈ പദ്ധതി ആരംഭിക്കും.