മതിയായ പരിശീലനവും സാമ്പത്തിക പിന്തുണയും ലഭിക്കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിപോലും സംസ്ഥാനത്ത് കായികരംഗത്തുനിന്നു മാറ്റിനിര്‍ത്തപ്പെടരുന്നെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രഥമ കേരള ഗെയിംസിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
കോവിഡ് മഹാമാരിയെത്തുടര്‍ന്നു ലോകമെമ്പാടും മുടങ്ങിക്കിടന്ന കായിക മത്സരങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കേരള ഗെയിംസ് എന്ന പേരില്‍ 7500 കായിക താരങ്ങളെ ഉള്‍പ്പെടുത്തി 19 വേദികളിലായി കേരളം സംഘടിപ്പിച്ച കായിക മാമാങ്കം ഇക്കാര്യത്തില്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. കേരളത്തിന്റെ കായിക മേഖലയിലേക്കു മഹാപ്രതിഭകളെ സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ളതാണ് കേരള ഗെയിംസ്. കേരളത്തിന്റെ ഭാവി കായിതകാരങ്ങളെ സംഭാവന ചെയ്യാന്‍ കേരള ഗെയിംസിനു കഴിയും. രാജ്യത്തിന് അഭിമാനകരമായി രാജ്യാന്തരതലത്തില്‍ ശോഭിക്കുന്ന നിരവധി കായികതാരങ്ങള്‍ ഇതില്‍നിന്ന്് ഉണ്ടാകുമെന്നാണു പ്രതീക്ഷ.
ഈ വര്‍ഷം സെപ്റ്റംബറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ ഗെയിംസ് സംഘടിപ്പിക്കാനുള്ള കേരള ഒളിംപിക് അസോസിയേഷന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതും കായികാഭിരുചിയുള്ളവരുമായ 30 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ പരിശീലനും നല്‍കാനുള്ള തീരുമാനം മാതൃകാപരമാണ്. ഇക്കാര്യത്തില്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോവിഡ് മഹാമാരിയെത്തുടര്‍ന്നു മുടങ്ങിയ സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത അധ്യയന വര്‍ഷം പുനരാരംഭിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കായികതാരങ്ങളില്‍ നിരവധി പേര്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവര്‍ക്കു പിന്തുണ നല്‍കുന്നതില്‍ കായിക രംഗത്തെ അസോസിയേഷനുകള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം. അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കായികതാരങ്ങളുടെ മുന്നോട്ടുപോക്കിനേയോ അവസരങ്ങളെയോ ഒരുതരത്തിലും ബാധിക്കരുതെന്നും മന്ത്രി പറഞ്ഞു. പുതിയ കായികതാരങ്ങളെ കേരളത്തിനു സംഭാവന ചെയ്യാന്‍ കഴിയുന്ന മഹാമേളയായി കേരള ഗെയിംസ് മാറണമെന്നു ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.
മേളയില്‍ ഓവറോള്‍ ചാംപ്യന്‍മാരായ തിരുവനന്തപുരം ടീമിന് ഗവര്‍ണര്‍ ട്രോഫി സമ്മാനിച്ചു. എറണാകുളവും കോഴിക്കോടുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍. ഇവര്‍ക്കും ഗവര്‍ണര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഓരോ ഇനങ്ങളിലും വിജയിച്ചവര്‍ക്കും ചടങ്ങില്‍ ട്രോഫികള്‍ സമ്മാനിച്ചു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്‍, മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, കേരള സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി എസ്. രാജീവ്, ട്രഷറര്‍ എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.