കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പദ്ധതിയൊരുക്കി സർക്കാർ

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സർക്കാർ. മാവോയിസ്റ്റ് സംഘത്തിൽ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കീഴടങ്ങുന്നവർക്ക് മികച്ച തൊഴിലും ജീവിത സാഹചര്യവുമൊരുക്കി പിന്നീട് മാവോയിസ്റ്റ് സംഘങ്ങളിലേക്ക് മടങ്ങുന്നില്ലെന്നും പദ്ധതി ഉറപ്പാക്കും.

കർണാടകയിലെ വിരാജ്‌പേട്ട് ഇന്ദിര നഗർ ബെട്ടോളി ആർ.ജി വില്ലേജിൽ ലിജേഷ് എന്ന രാമു (37) നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവി മുമ്പാകെ കീഴടങ്ങിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാമുവിന് പുനരധിവാസ പാക്കേജ് പ്രകാരം 4.44 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകാൻ തീരുമാനിച്ചു. എറണാകുളം ജില്ലയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും തുടർ പഛനത്തിന് പ്രതിവർഷം 15,000 രൂപയും രാമുവിന് ലഭിക്കും.സർക്കാർ ഐ.ടി.ഐ കളോ സമാന സ്ഥാപനങ്ങളോ മുഖേന നൈപുണ്യ വികസന പരിശീലനം ലഭ്യമാക്കാനും നിശ്ചയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ മികച്ച പാക്കേജ് ഉറപ്പാക്കുന്നതിലൂടെ കൂടുതൽ പേർ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.