സംസ്ഥാന സർക്കാരിന്റ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വിൽപ്പനശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് വൈകുന്നേരം 5.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനടുത്തുള്ള ഷോപ്പിംഗ് കോപ്ലക്‌സിലാണ് പുതുതായി സപ്ലൈകോ സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നത്.
വിവിധ ജില്ലകളിൽ പുതുതായി ആരംഭിക്കുന്നതും നവീകരിച്ചതുമായ സപ്ലൈകോ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ് എന്നിവ ഇതിനൊപ്പം ഓൺലൈനിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവര സാങ്കേതിക വിദ്യയുടെ മെച്ചപ്പെട്ട സേവനങ്ങൾ സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നതിന് 100 ദിന പരിപാടിയിൽ ലക്ഷ്യമിടുന്നു. ഉദ്ഘാടന സമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആദ്യ വിൽപ്പന നിർവഹിക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ 25 മാവേലി വിൽപ്പനശാലകളാണ് പ്രവർത്തനമാരംഭിക്കുന്നത്.