സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എന്നാൽ ഒരു ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ എട്ട് ഷട്ടറുകൾ രാത്രി വീണ്ടും തുറന്നു. 5668 ഘനയടി വെള്ളമാണ് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. 142 അടിയാണ് ഡാമിലെ ജലനിരപ്പ്. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ മുന്നറിയിപ്പ് നൽകി.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമര്‍ദം വീണ്ടും ദുർബലമായി തീവ്ര ന്യൂനമര്‍ദമായി മാറി വടക്ക് – കിഴക്ക് ദിശയിൽ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ചു ഇന്ന് പശ്ചിമ ബംഗാൾ തീരത്തെത്തും. അതി തീവ്ര ന്യൂനമർദ്ദം വീണ്ടും ശക്തി കുറഞ്ഞ് ശക്തിയേറിയ ന്യൂനമര്‍ദമാകാന്‍ സാധ്യത. ഇന്ന് വടക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , ഒഡിഷ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.