വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും മോദിയെ നീക്കുന്നത് നോട്ടില്‍നിന്നും ഗാന്ധിയെ നീക്കുംപോലെ

    കൊച്ചി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന പീറ്റര്‍ മാലിപ്പറമ്പിലിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍ നാഗേശഷിന്റെ പരാമര്‍ശം.

    നോട്ടില്‍നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നപോലെയാണിത്. ഇന്ത്യന്‍ കറന്‍സി താന്‍ അധ്വാനിച്ച് നേടുന്നതാണെന്നും ആയതിനാല്‍ അതില്‍ ഗാന്ധിജിയുടെ ചിത്രം പാടില്ലെന്നും ചൂണ്ടിക്കാണിച്ച് ആരെങ്കിലും എത്തിയാല്‍ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു.

    എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് നോട്ടില്‍ ഗാന്ധിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. എന്നാല്‍ വാക്‌സിനില്‍ പ്രധാനമന്ത്രിയുടെ ചിത്രം നല്‍കിയത് യാതൊരുവിധ നിയമ പരിരക്ഷയുമില്ലാതെയാണെന്ന് ഹര്‍ജിക്കാരന്റെ വക്കീല്‍ കോടതിയെ അറിയിച്ചു. അതേസമയം, ഈ വിഷയത്തില്‍ നിലപാട് വ്യ:്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് സമയം ആവശ്യപ്പെട്ടു. കേസ് ഈ മാസം 23ലേക്ക് മാറ്റി.