ശ്രദ്ധിക്കുക. ആശുപത്രിയിൽ നിന്നുമുള്ള നേരിട്ടുള്ള അഡോപ്ഷൻ നിയമവിരുദ്ധമാണ്; “ദത്തെടുക്കൽ” എങ്ങനെ?

ഒരു കുട്ടി എന്നുള്ളത് എല്ലാ ദമ്പതികളുടെയും വലിയ സ്വപ്നമാണ്. കുട്ടികൾ ഉണ്ടാകുന്നതിനുവേണ്ടിയുള്ള ചികിത്സകൾ പലതും പരീക്ഷിച്ചുനോക്കിയിട്ടും ഫലം ലഭിക്കാതെ വരുമ്പോൾ എല്ലാവരുടെയും ഉള്ളിലേക്ക് വരുന്ന അവസാന തീരുമാനം ഒരു കുട്ടിയെ ദത്തെടുക്കുക എന്നാണ്. ദത്തെടുക്കൽ എങ്ങനെ ആണെന്ന് നമുക്ക് മനസിലാക്കാം. ശ്രദ്ധിക്കുക, ആശുപത്രിയിൽ നിന്നുമുള്ള നേരിട്ടുള്ള അഡോപ്ഷൻ നിയമവിരുദ്ധമാണ്

മാതാപിതാക്കൾ ആവണമെന്ന സ്വപ്നം സഫലീകരിക്കാൻ അഡോപ്‌ഷൻ (Adoption) തങ്ങൾക്ക് അത്യാവശ്യമാണെന്നും, ദത്തെടുക്കുന്ന കുട്ടിക്ക് സ്നേഹവും വാത്സല്യവും പകർന്നു നൽകുവാൻ ഞങ്ങൾ തയ്യാറാണെന്നും കാണിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഏജൻസിയായ http://cara.nic.in/ എന്ന സൈറ്റിൽ ഓൺലൈനായി ദമ്പതികൾ രജിസ്റ്റർ ചെയ്യണം.

സമർപ്പിച്ച അപേക്ഷയ്ക്ക് മറുപടി ലഭിച്ചപ്പോൾ രജിസ്ട്രേഷൻ രേഖയുമായി അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തിനെ സമീപിക്കുക. സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ ജില്ലാ ശിശുസംരക്ഷണ സമിതിയിലെ സോഷ്യല്‍ വര്‍ക്കറോ അപേക്ഷകരെക്കുറിച്ചുള്ള പഠനം നടത്തുകയും റിപ്പോര്‍ട്ട് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യും. അറിയിപ്പു ലഭിക്കുന്നതിനെ തുടർന്ന് ആവശ്യമായ രേഖകൾ ദമ്പതികൾ 30 ദിവസത്തിനകം സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

മാതാപിതാക്കളുടെ ആധാർ കാർഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, വരുമാനം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, നിക്ഷേപങ്ങൾ, LIC പോളിസികൾ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ഇൻകം ടാക്സ് റിട്ടേണുകളുടെ കോപ്പി എന്നിവ രേഖകളായി സമർപ്പിക്കേണ്ടതുണ്ട്..

അപേക്ഷകരുടെ ഊഴം വരുമ്പോൾ മൂന്ന് കുട്ടികളുടെ ഫോട്ടോയും, അവരെ കുറിച്ചുള്ള വിവരങ്ങളും ഓൺലൈനായി കാണിച്ചു തരും. ഏതെങ്കിലും കുട്ടിയെ ഇഷ്ടപ്പെട്ടാൽ 48 മണിക്കൂറിനുള്ളിൽ കുട്ടിയെ റിസർവ് ചെയ്യേണ്ടതാണ്. പ്രീ അഡോപ്ഷന്‍ ഫോസ്റ്റര്‍ കെയര്‍ എഗ്രിമെന്റില്‍ ഒപ്പ് വെക്കുന്നത് കുട്ടിയെ ദത്തെടുക്കാമെന്ന ഉറപ്പ് നൽകുന്നതാണ്.

20 ദിവസത്തിനകം കുട്ടി താമസിക്കുന്ന അംഗീകൃത ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്ഷൻ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണം.

ഭാവിയിൽ മരണം മൂലമോ മറ്റേതെങ്കിലും കാരണത്താലോ ദമ്പതികളുടെ അഭാവം ഉണ്ടാവുകയാണെങ്കിൽ ദത്തെടുത്ത കുട്ടിയെ തങ്ങൾ സംരക്ഷിക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊണ്ട് ദമ്പതികളുടെ അടുത്ത ബന്ധുക്കളോ പരിചയക്കാരോ ഒപ്പിട്ട CHILD SECURITY UNDERTAKING ഉം ദമ്പതികൾ കൂട്ടായി ഒപ്പിട്ട സമ്മതപത്രവും അഡോപ്ഷൻ കമ്മിറ്റിക്ക്‌ മുമ്പാകെ സമർപ്പിക്കണം.

യാതൊരുവിധ സ്ഥിരനിക്ഷേപമോ, ഇൻവെസ്റ്റ്മെന്റോ കുട്ടിയുടെ പേരിൽ നടത്തേണ്ടതില്ലായെന്ന് അധികൃതർ അറിയിക്കും. എന്നാൽ ദത്തെടുത്ത കുട്ടി (Adopted Child) മാതാപിതാക്കളുടെ പിൻതുടർച്ചാവകാശിയായിരിക്കും.

അതിനുശേഷം 10 ദിവസത്തിനുള്ളിൽ അംഗീകൃത ദത്തെടുക്കൽ കേന്ദ്രം കോടതിമുമ്പാകെ അഡോപ്ഷന് വേണ്ടിയുള്ള രേഖകളും അപേക്ഷയും സമർപ്പിക്കും.

ദത്തെടുത്ത കുട്ടിയെ, വേറൊരാൾക്ക് യാതൊരു കാരണവശാലും കൈ മാറരുതെന്നുള്ള നിബന്ധനയോടു കൂടി രണ്ടു മാസത്തിനുള്ളിൽ അഡോപ്ഷൻ പെറ്റീഷൻ കോടതി അനുവദിക്കുകയും, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ദമ്പതികളെ മാതാപിതാക്കളായി ചേർക്കുവാനുളള ഉത്തരവിടുകയും ചെയ്യും.